പ്രതിരോധത്തിന് കരുത്തു പകരാൻ രണ്ടു താരങ്ങളെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്നും ലോണിൽ സ്പാനിഷ് ലെഫ്റ്റ് ബാക്ക് സെർജിയോ റെഗ്വിലോണിനെ സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.മുൻ താരം ജോണി ഇവാൻസിനെ ഒരു വർഷത്തെ കരാറിൽ തിരികെ എത്തിക്കാനും യുണൈറ്റഡിന് സാധിച്ചു.രണ്ട് സുപ്രധാന സൈനിംഗ് നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രതിരോധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ലൂക്ക് ഷായ്ക്ക് പരിക്കേറ്റതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റെഗ്വിലോണിന്റെ നീക്കം അനിവാര്യമായിരുന്നു.നവംബർ വരെ ഷാ കളിക്കളത്തിൽ നിന്നും പുറത്താണ്.മുമ്പ് റയൽ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും വേണ്ടി കളിച്ചിട്ടുള്ള 26 കാരനായ സ്പെയിൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയുള്ള സമ്മർ സീസണിലെ അഞ്ചാമത്തെ ഏറ്റെടുക്കലായിരുന്നു.ലാ ലിഗയിലും പ്രീമിയർ ലീഗിലുമുള്ള തന്റെ വിപുലമായ അനുഭവം ഉദ്ധരിച്ച് റെഗ്വിലോണിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ സ്വന്തമാക്കിയതിന് സന്തോഷ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരായ എറിക് ടെൻ ഹാഗ് പ്രകടിപ്പിച്ചു.
ഇവാൻസാകട്ടെ, ലെസ്റ്റർ സിറ്റിയുമായുള്ള വിജയകരമായ പ്രകടനത്തിന് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങി. ഐറിഷ് ഡിഫൻഡറിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു, വെറും ഒമ്പത് വയസ്സുള്ളപ്പോൾ ക്ലബ്ബിൽ ചേർന്ന താരമാണ് ഇവാൻസ്,ക്ലബിനൊപ്പമുള്ള 18 വർഷത്തിനിടയിൽ, മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് ലീഗ് കപ്പുകൾ, 2008-ൽ ഒരു FIFA ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ ഇവാൻസ് നേടിയിട്ടുണ്ട്.
പ്രീ-സീസണിൽ ഇവാൻസ് യുണൈറ്റഡിനൊപ്പം പരിശീലനം നടത്തുകയായിരുന്നു, റാഫേൽ വരാനെ പരിക്കേറ്റ് പുറത്തായതിന് ശേഷം പ്രതിരോധത്തിൽ പരിചയസമ്പന്നനായ താരത്തിന്റെ സേവനം യുണൈറ്റഡിന് ആവശ്യമായിരുന്നു.റെഡ് ഡെവിൾസ് അവരുടെ ബാക്ക്-അപ്പ് ഗോൾകീപ്പറായി ആൾട്ടേ ബയിന്ദിറിനു വേണ്ടി നേരത്തെ ഒരു കരാർ പൂർത്തിയാക്കിയിരുന്നു, കൂടാതെ ഫിയോറന്റീനയിൽ നിന്നുള്ള സോഫിയാൻ അംറാബത്തിനെയും സ്വന്തമാക്കിയിരുന്നു.